ചെറിയൊരു തുടക്കത്തിൽനിന്ന് ലോക മേധാവിത്വത്തിലേക്കുള്ള കഥ പറയാനുണ്ട് മൈക്രോസോഫ്റ്റ് വിൻഡോസിന്. കംപ്യൂട്ടിംഗ് മേഖലയിൽ വിപ്ലവം തീർത്ത മൈക്രോസോഫ്റ്റ് വിൻഡോസ് 40 വർഷം പിന്നിട്ടു. പേഴ്സണൽ കംപ്യൂട്ടിംഗിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടാണ് 1985 നവംബർ 20 ന് വിൻഡോസ് 1.0 പുറത്തിറങ്ങിയത്.
ഇതു മുതൽ എഐ പവേർഡ് വിൻഡോസ് 11 വരെയെത്തി നിൽക്കുന്ന ചരിത്രമാണുള്ളത്.
ആദ്യത്തെ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലോഞ്ച് മുതൽ വിൻഡോസിന്റെ ചരിത്രപരമായ അരങ്ങേറ്റം വരെ കന്പനി പേഴ്സണൽ കംപ്യൂട്ടിംഗിനെ ഉടച്ചുവാർത്തു.
1990കളിലും 2000കളുടെ തുടക്കത്തിലും വിൻഡോസ് ഒരു സാധാരണ പേരായി മാറി. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ചരിത്രത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു വിൻഡോസ് 95ഉം വിൻഡോസ് എക്സ്പിയും.
ദശലക്ഷക്കണക്കിന് ഉപകരണങ്ങൾക്ക് ശക്തി പകരുകയും പേഴ്സണൽ കംപ്യൂട്ടറുകളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. മൈക്രോസോഫ്റ്റ് ഓഫീസ് ഉത്പാദനക്ഷമതയ്ക്കും ആശയവിനിമയത്തിനുള്ള ആഗോള നിലവാരവുമായി മാറി. ലോകമെന്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വീട്ടിലും ഓഫീസുകളിലും വിൻഡോസ് ഇന്നും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.
കമാൻഡുകൾ ടൈപ്പ് ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ തുറക്കാനും, ഫയലുകൾ കൈകാര്യം ചെയ്യാനും, വിൻഡോകൾ ടൈൽ ചെയ്ത് വക്കാനും കഴിയുന്ന ലളിതമായ രീതിയിലേക്ക് കംപ്യൂട്ടറുകളുടെ പ്രവർത്തനം മാറി. ഇതോടെ കംപ്യൂട്ടറുകൾ സാധാരണക്കാർക്കും ഉപയോഗിക്കാവുന്ന തലത്തിലെത്തി. വിൻഡോസ് ഇപ്പോഴും എല്ലാ രാജ്യങ്ങളിലും ഏറ്റവും ജനപ്രിയമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 2021ൽ പുറത്തിറങ്ങിയ വിൻഡോസ് 11 ആണ് വിൻഡോസിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പ്.